Thursday, November 19, 2009

സൌജന്യ മെഡിക്കല്‍ ക്യാമ്പ്

വട്ടംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപരിപാടിയുടെ ഭാഗമായി രോഗികളായ വൃദ്ധര്‍ക്കും കുട്ടികള്‍ക്കുംവേണ്ടി 2001 മുതല്‍ സൌജന്യ മരുന്ന് വിതരണം നടത്തുന്നു. കൊല്ലത്തെ തെരഞ്ഞെടുത്ത ഗുണഭോക്താക്കളെ വിദഗ്ധ പരിശോധന നടത്തി ആവശ്യമായ മരുന്നുകള്‍ നിര്‍ണയിക്കാനുള്ള മെഡിക്കല്‍ക്യാമ്പ് നവംബര്‍ പത്തൊമ്പത് വ്യാഴാഴ്ച (19-11- 2009 )വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്നു. പഞ്ചായത്ത്പ്രസിഡണ്ട്‌ ശ്രീമതി: സി. എസ് പ്രസന്ന പരിപാടി ഉദ്ഘാടനം ചെയ്തു. അപസ്മാരം , പ്രമേഹം രക്തസമ്മര്‍ദം , മാനസികരോഗങ്ങള്‍ എന്നിവ കാരണം കഷ്ടപ്പെടുന്ന 250 ലധികം രോഗികളെ ആറു ഡോക്ടര്‍മാര്‍ ചേര്ന്നു പരിശോധിച്ച് മരുന്നുകള്‍ തീരുമാനിച്ചു.



ഇതിലെന്താണിത്ര കൊട്ടിഘോഷിക്കാന്‍ എന്നാണോ ചോദ്യം?പല ചെറുകിട സംഘടനകളും ആയിരത്തിലധികം രോഗികളുടെ ക്യാമ്പ് സംഘടിപ്പിച്ച് മരുന്നുവിതരണം നടത്തുമ്പോള്‍ ഒരു സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രം വെറും 250 രോഗികള്‍ക്ക് മരുന്നു കൊടുക്കുന്നു എന്നതോ വാര്‍ത്ത ?



എന്നാല്‍ ഇതു നിങ്ങള്‍ കരുതുന്ന മട്ടിലുള്ള ഒരു ക്യാമ്പല്ല.


കുറെ മരുന്നുകള്‍ ഒന്നിച്ച് രോഗികള്‍ക്ക് വാരിക്കൊടുക്കുകയും അല്ല.


ഈ തെരഞ്ഞെടുത്ത മുഴുവന്‍ രോഗികള്‍ക്കും അടുത്ത ഒരു കൊല്ലത്തേയ്ക്ക് ഇപ്പോള്‍ ഡോക്ടര്‍മാര്‍ നിശ്ചയിച്ച മരുന്നുകള്‍ വാങ്ങി ആശുപത്രി വഴി ഓരോ മാസവും വിതരണം ചെയ്യും . അതെത്ര വില കൂടിയ മരുന്നുകളാണെങ്കിലും ശരി !

ഒരര്‍ഥത്തില്‍ ആ രോഗിയുടെ ഒരു കൊല്ലത്തെ ചികിത്സാച്ചെലവു മുഴുവന്‍ PHC യും പഞ്ചായത്തും ചേര്‍ന്ന് ഏറ്റെടുക്കുക തന്നെയാണ് നടക്കുന്നത്

നിര്‍ഭാഗ്യവശാല്‍ ഫണ്ടിന്റെ കുറവു മൂലം ചില മാസങ്ങളില്‍ രോഗികളൊട് “മരുന്നു പുറത്തുനിന്നും വാങ്ങണം” എന്നു പറയുമ്പോള്‍ അവരുടെ മുഖത്ത് തെളിയുന്ന നിസ്സഹായത മാത്രം മതി ഈ പദ്ധതിയുടെ ആവശ്യകതയ്കും ജനപ്രിയതയ്ക്കും തെളിവായി നില്‍ക്കാന്‍........

മുന്‍ വര്‍ഷത്തെ രോഗികള്‍ക്കും ഈ വര്‍ഷത്തെ രോഗികള്‍ക്കും കൂടി ഈ കൊല്ലം ആറു ലക്ഷം രൂപയാണ് മരുന്നു വാങ്ങുന്നതിനാ‍യി വട്ടംകുളം പഞ്ചായത്ത് നീക്കി വെച്ചിട്ടുള്ളത്




ക്യാമ്പിന്റെ ചില ചിത്രങ്ങള്‍ ഒപ്പം

ക്യാമ്പിന്ന്‍ എത്തിയ രോഗികള്‍




പരിശോധന